ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ തനിക്കെതിരെ പൊലിസ് അതിക്രമം ഉണ്ടായെന്ന് ജോൺ ബ്രിട്ടാസ് എംപി. പൊലിസ് ബലമായി വാഹനത്തിലേക്ക് തള്ളിക്കയറ്റി സീറ്റിൽ അമർത്തിയിരുത്തി. മോചിപ്പിച്ചശേഷം ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ഏറെനേരം നടപ്പാതയിൽ ഇരിക്കേണ്ടിവന്നെന്നും ബ്രിട്ടാസ് പറഞ്ഞു.
കൊണാട്ട് പ്ലേസിൽ ഇടതുപക്ഷ പ്രവർത്തകരെ അറസ്റ്റ് ചെയ്തതറിഞ്ഞാണ് ബ്രിട്ടാസ് സ്ഥലത്തെത്തിയത്. എന്നാൽ അവിടെവെച്ച് പൊലീസ് തന്നെ ബലമായി വാഹനത്തിലേക്ക് കയറ്റുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അഞ്ച് സിആർപിഎഫ് ഉദ്യോഗസ്ഥർ തന്നെയും മറ്റൊരാളെയും സീറ്റിൽ അമർത്തിയിരുത്തി.
പൊലീസ് ഉദ്യോഗസ്ഥരുടെ ബോഡി കാമറയിലൂടെ കൺട്രോൾ റൂമിലിരുന്ന് ഡിസിപി സച്ചിൻ സംഭവം കണ്ടിരുന്നു. താൻ എംപിയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ ഉടൻ വിട്ടയക്കാൻ ഡിസിപി നിർദേശിച്ചു. ഇതിനു പിന്നാലെയാണ് തന്നെ മോചിപ്പിച്ചതെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
എന്നാൽ മോചിപ്പിച്ചശേഷം തന്നെ ബസിന് പുറത്തേക്ക് തള്ളിയെന്നും അദ്ദേഹം ആരോപിച്ചു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ഏറെനേരം നടപ്പാതയിൽ ഇരിക്കേണ്ടിവന്നു. സാജിദ് എന്ന യുവാവ് എത്തി ഓട്ടോയിൽ കയറ്റിയതോടെയാണ് അവിടെനിന്ന് രക്ഷപ്പെടാനായതെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
അതിനിടെ ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി. തോമസിനെ വിവസ്ത്രനാക്കി പൊലിസ് മർദ്ദിച്ചുവെന്ന് ആരോപണമുണ്ട്. പൊലീസ് വാഹനത്തിൽ ഉണ്ടായത് നരനായാട്ടാണെന്നും എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റെന്നും ജെയ്ക്ക് പറഞ്ഞു.